2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച


തമ്പിസാർ ഒരു ജിബ്രാൻ അനുഭവം 

ഇന്ന് തമ്പിസാരിന്റെ ഓര്മദിനം.
പത്തനംതിട്ടയിൽ അനുസ്മരണയോഗമുണ്ട് ,
പോകണം .
തിരുവനതപുരത്ത് നിന്ന് പത്തനംതിട്ട വരെ 
മഴയിലൂടെ ഒരു ഡ്രൈവ് സ്വപ്നസമാനമായ
ഒരാഗ്രഹമാണ് ...നടക്കുമോന്നറിയില്ല ,
അലസിപ്പോയ യാത്രകളാണ് അധികവും .
അറബി ഭാഷയിൽ എച്ചുകൂട്ടി വായിക്കാൻ തുടങ്ങുന്ന കോളേജ് പഠന കാലത്താണ് ഖലീൽ ജിബ്രാന്റെ " ലിമാദാ ഉഹിബ്ബു അൽ വഹ്ദ " ( ഞാൻ എന്തിനു ഏകാന്തത ഇഷ്ടപ്പെടുന്നു ) എന്ന കാവ്യലേഖനം വായിക്കുന്നത്. അറബി അക്ഷരങ്ങളുടെ ജാമിതീയ രൂപങ്ങല്ക്കപ്പുറത്തു മനസിന്റെ 'ആയുക്തിമേഖലകളിൽ' അധീശത്വം സ്ഥാപിക്കുകയായിരുന്നു ആ ലേഖനം. പിന്നീടുള്ള കാലങ്ങളിൽ ജിബ്രാന്റെ വരികള്ക്ക് വേണ്ടി മനസ്സ് അലഞ്ഞിട്ടുണ്ട്. അത്തരം ഒരലച്ചിൽ അവസാനിച്ചത്‌ പ്രൊഫ. കെ . വി . തമ്പി പരിഭാഷപ്പെടുത്തിയ ജിബ്രാന്റെ പ്രവാചകനിലാണ്.
തർജ്ജമക്കാരന്റെ ഉപക്രമാമാണ് ആദ്യം വായിച്ചത് :
"
മർത്യജീവിതമാകുന്ന ദുരൂഹസമസ്യയുടെ ഗുപ്തഗ്രന്ധികൾ, വജ്രപാതതാലെന്നവണ്ണം വെട്ടിമുറിക്കുന്ന വെളിപാടുകളുടെ ദീപ്രവാങ്ങ്മയമാണ്, പ്രോഫെറ്റ്. ഈ വിശിഷ്ട ഗ്രന്ഥം എന്റെ എകാന്തഹ്രിദയമിത്രമായിട്ട് എത്രയോ വർഷങ്ങളാകുന്നു. ദൈവകാരുണ്യം പോലെ അപൂർവമായി ലഭിക്കുന്ന ക്ഷണിക സന്തോഷങ്ങളുടെ വസന്തദിനങ്ങളിലും , മരണം പോലെ നിർദയം ഗ്രസിക്കുന്ന ദുര്ന്നിവാര ദുഖങ്ങളുടെ അന്ധരാത്രികളിലും ഇത് എന്നോടൊപ്പമുണ്ടായിരുന്നു. ഒരിക്കൽ സ്നേഹിച്ചവർ പോലും പിന്നീട് അന്യരും അപരിചിതരുമായി അകന്നു പോകേണ്ടിവരുന്ന ഈ നിരർതപ്രപഞ്ചതിൽ എന്റെ നിലനില്പിന്റെ വേരുകൾ കരിഞ്ഞുപോകാതെ കാതുപോന്നതും ഈ ജീവജലധാര തന്നെ ..."
മനസ്സിന്റെ ആഴങ്ങളിൽ നിന്ന് തെളിഞ്ഞൊഴുകി വരുന്ന ഈ ഉപക്രമം തർജ്ജമക്കാരനുമായി ഒരു ബന്ധുത്വം ഉണ്ടാവാൻ കാരണമായി
(
ദു:ഖതിലുള്ള ബന്ധുത്വം രക്ത ബന്ധത്തേക്കാൾ ശക്തമാണെന്ന് ജിബ്രാൻ ) അന്ന് മുതൽ കെ.വി . തമ്പി എന്നാ കേരളജിബ്രാനെ അന്വേഷിക്കുകയായിരുന്നു. ജിബ്രാൻ വിഷയമായെടുത്ത് കോഴിക്കോട് സർവകലാശാലയിൽ ഗവേഷണം ചെയ്യുന്ന കാലം അലച്ചിലും അരക്ഷിതത്വവും നിറഞ്ഞതായിരുന്നു . വായിക്കുന്തോറും ആശയക്കുഴപ്പത്തിന്റെ കഴങ്ങളിലേക്ക് തള്ളിവിടുന്ന ജിബ്രാൻ എന്ന ദുരൂഹസമസ്യയുടെ കുരുക്കഴിക്കുന്ന വേളകളിൽ തമ്പിസാരിന്റെ പ്രവാചകൻ എനിക്ക് കൂട്ടിരുന്നിട്ടുണ്ട്.
2005 ൽ മഹാരാജാസ് വാസം തുടങ്ങുന്ന കാലത്താണ് ജിബ്രാന്റെ അടുത്ത സുഹുര്തും ലബനീസ് - അമേരിക്കാൻ എഴുത്തുകാരനുമായ മിഖേൽ നുഐമ എഴുതിയ ജിബ്രാന്റെ ജീവചരിത്രം മലയാളത്തിലേക്ക് തര്ജ്ജമ ചെയ്യുന്നത് . മൂന്നു മാസത്തെ കാലയളവിൽ പര്ഭാഷയും സങ്കല്പനങ്ങളും ഇഴചേർന്നു ഒരു പുതിയ ജിബ്രാനെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ. മഹാരാജാസ് കോളേജിന്റെ സ്റ്റാഫ് ഹൊസ്റ്റലിൽ എന്റെ മുറിക്കു മുന്നിൽ, എന്റെ ഏകാന്തതയ്ക്ക് ലേപനമായി തളിര്ത് നിന്ന ഒരു വേപ്പുമരമുണ്ടായിരുന്നു, മുറിക്കുള്ളിൽ എന്റെ കൂടെ തമ്പിസരിന്റെ പ്രവാചകനും.പ്രശസ്തകവിയും മഹാരാജാസിൽ അധ്യാപകനുമായിരുന്ന ജോസ് വെമ്മേലി മാഷ്‌ ഹൊസ്റ്റലിൽ എന്റെ അയല്മുറിയനായിരുന്നു . വെമ്മേലി മാഷുമായുള്ള "കഠിനമായ " ചില സൌഹൃദ വേളകളിൽ എന്നോ തമ്പിസർ വിഷയമായി വന്നു. പത്തനംതിട്ടയിലെ ഏതോ ഹോട്ടലിലാണ് താമസമെന്നും ആരെയും അടുപ്പിക്കില്ല എന്നും മാഷ്‌ പറഞ്ഞു . സ്വതവേ 
ഉൾവലിയുന്ന എന്റെ പ്രകൃതം എന്നെ ഒന്നുകൂടി പുറകോട്ടു വലിച്ചു. എന്റെ പുസ്തകം രയിൻബൊ ബുക്സ് എത്റെടുതിരുന്നെങ്കിലും സാമ്പത്തികപ്രയാസം കാരണം പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് രയിന്ബോ മാനജർ പരേതനായ ശ്രി.രാജേഷ്‌ അറിയിച്ചിരുന്നു . ആറു വര്ഷത്തോളം പുസ്തകം പ്രസിധീകരിക്കപ്പെടാതെ കിടന്നു .ഒരു വൈകുന്നേരം എന്റെ മുറിയിലേക്ക് വന്ന ശ്രി . കെ .എൻ.ഷാജിയാണ് കയ്യെഴുത്തുപ്രതി ത്രിശൂർ കറന്റിനു നല്കുന്നത് . 2012 മാർച്ചിൽ പുസ്തകം അച്ചടിച്ചു.
ചിത്രകാരൻ ടി .കലാധരൻ മാഷ്‌ , കെ . എൻ ഷാജി എന്നിവരുടെ ഉത്സാഹത്തിൽ സ്വാമി ശൂന്യത്തിന്റെ നേതൃത്തത്തിലുള്ള ഓടിയം എന്ന സാംസ്കാരിക സംഘടന എറണാകുളത്
വെച്ച് പുസ്തകം പ്രകാശനം നടത്താമെന്ന് അറിയിച്ചിരുന്നു . പ്രകാശനം നിർവഹിക്കുന്നതു തമ്പിസാർ ആയിരിക്കണമെന്ന ഒരാഗ്രഹം ഞാൻ കെ. എൻ .ഷാജിയുമായി പങ്കുവെച്ചു . നോക്കാം ഒരുറപ്പുമില്ല എന്ന് പറഞ്ഞ ഷാജിച്ചേട്ടൻ രണ്ടുദിവസം കഴിഞ്ഞു വിളിച്ചു ,തമ്പിസർ വരാൻ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു .
ഒരു ശനിയാഴ്ച ഉദയംപെരൂരുള്ള ആശ്രമസമാനമായ മുറിയിലേക്ക് കെ എൻ ഷാജിക്കും എനിക്കും കാഷായ വസ്ത്രധാരിയായ അവധൂതൻ വാതിൽ തുറന്നു തന്നു . ഒരു റേഡിയോ , കുറെ മാസികക്കെട്ടുകൾ അടുക്കും ചിട്ടയുമില്ലാതെ കിടന്ന കുറെ വസ്തുക്കൾ...അവയുടെയെല്ലാം നാഥനായി , വിനയത്തോടെ തമ്പിസർ കുറെ നേരം സംസാരിച്ചു ... പലതിനെ കുറിച്ചും ... പലപ്പോഴും ജിബ്രാൻ ക്ഷണിക്കപ്പെടാതെ കയറി വന്നു. ഞാൻ പുസ്തകത്തിന്റെ ഒരു കോപ്പി തമ്പിസാരിന്നു നല്കി . വായിക്കാമെന്ന് പറഞ്ഞു. തിരിച്ചിറങ്ങുമ്പോൾ പ്രവാചകന്റെ ഒരു കോപ്പി കയ്യൊപ്പിട്ടു തന്നു . വൃദ്ധസദനത്തിന് മുന്നിൽ വെച്ച് കുറച്ചു ഫോട്ടോ എടുത്തു , (അതിൽ ഒന്നാണ് ഈ പോസ്റ്റിൽ ഉള്ളത്) . 
ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അടൂരിന്റെ വിധേയനിലെ ഷാപ്പുകാരനാനെന്നു പറഞ്ഞു ചിരിച്ചു .
പിറ്റേന്ന് തമ്പിസാർ വിളിച്ചു . ഞാൻ പുറത്തെങ്ങും പോകാറില്ല , വയ്യാഞ്ഞിട്ടു മാത്രമല്ല , വേണ്ടാഞ്ഞിട്ടുകൂടിയാണ് . പക്ഷെ ഈ പുസ്തകം പ്രകാശനം ചെയ്യുന്ന നിയോഗം ഞാൻ സന്തോഷപൂരവം ഏറ്റെടുക്കുന്നു. ജിബ്രാൻ മധ്യപൌരസ്ത്യ ദേശത്തെ ഒരു മൌലവിയാണെ ന്നു
കരുതുന്ന പണ്ഡിതന്മാർ വരെയുണ്ട് നമ്മുടെ കേരളത്തിൽ, അവര്ക്ക് ജിബ്രാനെ കുറിച്ച് ഈ പുസ്തകം വിശദീകരിക്കട്ടെ . ഏർപ്പാടുകൾ ചെയ്തോളൂ ഞാൻ വരും .
2012 ഒക്ടോബർ 3 നു കാഷായ വസ്ത്രമണിഞ്ഞ അവധൂതൻ 'ഖലീൽ ജിബ്രാൻ ജീവിതകഥ' എന്ന എന്റെ പുസ്തകം കരുണയോടെ പ്രകാശിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളില തമ്പിസാർ വിളിക്കുമായിരുന്നു , ജീവിതത്തിന്റെ നെറ്റൊട്ടങ്ങളിൽ സംസാരിക്കാൻ പറ്റാതെ വരുമ്പോൾ , അസ്കർ, വിളിക്കണേ എന്ന് പറയും . ജീവിതവും മരണവും കവിതയും എല്ലാം അനിർഗളമായി ഒഴുകിപ്പരന്ന ആ പ്രഭാഷണ നദിയിൽ കേൾവിക്കാരനാവാൻ മാത്രമേ എനിക്ക് കഴിയാറുള്ളൂ .. പലപ്പോഴും , പലകാര്യങ്ങളിലും എനിക്കുള്ള ധാരണകളുടെ അഴുക്കുകളെ മഞ്ഞുവെള്ളം കൊണ്ടെന്ന പോലെ തമ്പിസർ കഴുകി വെടുപ്പാക്കി .
ആയിടക്കാണ്‌ മികേൽ നുഐമയുടെ 'ദി ബുക്ക്‌ ഓഫ് മിർദാദിനെ' കുറിച്ച് ഞാൻ സംസാരിക്കുന്നത്. കേട്ടമാത്രയിൽ പുസ്തകം ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചു . പുസ്തകം എത്തിച്ചു തരാം പക്ഷെ തമ്പിസാർ വിവര്ത്തനം ചെയ്യണമെന്നു ഞാൻ ആഗ്രഹം പറഞ്ഞു . പുസ്തകം വായിച്ചതിനു ശേഷം തമ്പിസാർ വിളിച്ചു ഇത് നമുക്ക് ഒരുമിച്ചു പരിഭാഷ ചെയ്യാം എന്ന് പറഞ്ഞു . 
ഞാനും സമ്മതിച്ചു . അത്രയും കാലം ഋഷിയുടെ സാമീപ്യം ലഭിക്കുമല്ലോ എന്ന് മാത്രമേ ഞാൻ ഓർത്തുള്ളൂ.. പിന്നീടു തമ്പിസാരുമായുള്ള ഫോണ്‍ സംഭാഷണത്തിൽ ഇടവേളകലുണ്ടായി...ഇടവേളകളുടെ ദൈര്ഘ്യം വര്ദ്ധിച്ചു . അവസാനം 2013 ജൂണ്‍ 6 ലെ ഒരു പത്ര വാര്തയായി തമ്പിസാർ എനിക്ക് മുന്നിൽ വന്നു.
എനിക്കറിയില്ല ഇനി എന്നാണ് ഞങ്ങളൊരുമിച്ചു ' ദി ബുക്ക്‌ ഓഫ് മിർദാദ്' പരിഭാഷപ്പെടുത്തുക എന്ന് ...!!!
ഖലീൽ ജിബ്രാന്റെ പ്രവാചകൻ വേര്പെടാനോരുങ്ങുമ്പോൾ ശിഷ്യരോട് പറയുന്നു :
"
സ്മ്രിതിയുടെ സാന്ധ്യപ്രകാശത്തിൽ, ഒരിക്കൽ കൂടി കണ്ടുമുട്ടുകയാനെങ്കിൽ , നമ്മൾ വീണ്ടും ഒരുമിച്ചു സംസാരിക്കും , നിങ്ങൾ എനിക്കായി അഗാധതരമായ ഒരു ഗാനം പാടും . മറ്റൊരു സ്വപ്നത്തിൽ, നമ്മുടെ പാണികൾ സന്ധിക്കുകയാനെങ്കിൽ നാം മറ്റൊരു ഗോപുരം ആകാശത്തിൽ പണിയും..." ( തമ്പിസാരിന്റെ പരിഭാഷ )